ഹൈദരാബാദ്: സാധാരണക്കാരിയായി ബസ് സ്റ്റാൻഡിലെത്തിയ പോലീസ് കമ്മീഷണറെ ശല്യം ചെയ്തത് 40 ഓളം പുരുഷന്മാർ. മൂന്ന് മണിക്കൂറിനുള്ളിലാണ് 40 ഓളം പുരുഷന്മാർ ശല്യം ചെയ്തത്. ഹൈദരബാദിലാണ് സംഭവം. നഗരത്തിലെ സ്ത്രീസുരക്ഷയുടെ യഥാർഥ അവസ്ഥ നേരിട്ട് മനസിലാക്കാനാണ് കമ്മീഷണർ വേഷം മാറിയെത്തിയത്.
മൽക്കാജ്ഗിരി പോലീസ് കമ്മീഷണർ വി. സുമതി ആണ് വേറിട്ട പരീക്ഷണം നടത്തിയത്. മേയ് ഒന്നിന് അർധരാത്രിയിൽ ഹൈദരബാദ് നഗരത്തിലെ തിരക്കേറിയ ദിൽസുഖ്നഗർ ബസ് സ്റ്റാൻഡിന് സമീപം സാധാരണ വസ്ത്രം ധരിച്ച് ഒരു യാത്രക്കാരിയെന്ന വ്യാജേന ഇവർ മൂന്ന് മണിക്കൂറോളമാണ് ചെലവഴിച്ചത്.
അർധരാത്രി 12.30 മുതൽ പുലർച്ചെ 3.30 വരെയായിരുന്നു കമ്മീഷണറുടെ ഈ പരിശോധന. തന്റെ ഔദ്യോഗിക പദവിയോ സുരക്ഷാ അകമ്പടിയോ ഇല്ലാതെ, മുഖം മറയ്ക്കാതെ ഒരു സാധാരണ യാത്രക്കാരിയെന്ന നിലയിലാണ് അവർ ബസ് സ്റ്റോപ്പിൽ നിന്നത്. ഇവർ കമ്മീഷണറാണെന്ന് തിരിച്ചറിയാതെ സമീപിച്ച പുരുഷന്മാർ അശ്ലീല ചുവയോടെ സംസാരിക്കുകയും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. ലഹരിമരുന്നിന് അടിമപ്പെട്ടവർ മുതൽ ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കമ്മീഷണർക്ക് സുരക്ഷ നൽകാനായി അൽപ്പം അകലെ മാറി മഫ്തിയിൽ പോലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഓരോ തവണയും ഒരാൾ ശല്യം ചെയ്യുമ്പോൾ കമ്മീഷണർ സിഗ്നൽ നൽകുകയും പോലീസ് ഉടൻതന്നെ അവരെ പിടികൂടുകയും ചെയ്തു. പിടികൂടിയവരിൽ പകുതിയോളം പേർ വിദ്യാർഥികളും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവരുമായിരുന്നു.
ഇവരിൽ ആർക്കെതിരെയും ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നതിന് പകരം അവർക്ക് കൗൺസിലിംഗ് നൽകാനാണ് പോലീസ് തീരുമാനിച്ചിട്ടുള്ളത്. ഒരു സ്ത്രീ പൊതുസ്ഥലത്ത് നിൽക്കുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ചും സ്ത്രീസുരക്ഷയെക്കുറിച്ചും ഇവരെ ബോധവൽക്കരിച്ചു.